
ചെങ്ങന്നൂർ: ബുധനൂർ ഗ്രാമപഞ്ചായത്ത് വക സ്റ്റേഡിയം ഗ്രൗണ്ടിൽ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നടത്തിവന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് നിർത്തലാക്കിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എണ്ണയ്ക്കാട് ഗ്രാമപഞ്ചായത്ത് ആഫീസിന് മുന്നിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ആർജെഡി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പരിശീലനത്തിനെത്തുന്നവർക്ക് ഏറെ സൗകര്യപ്രദം ബുധനൂർ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ടെസ്റ്റ് ഗ്രൗണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ജനപക്ഷ നിലപാട് സ്വീകരിക്കാൻ ജനപ്രതിനിധികൾ തയാറാകണം. ബുധനൂർ പഞ്ചായത്തിൽ ഭരണപക്ഷത്തിൻ്റെ ജനദ്രോഹനയങ്ങളെ ചെറുക്കാൻ പ്രതിപക്ഷ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമുണ്ട്. തെറ്റായ തീരുമാനങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.പ്രസാദ് അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം ആർ.പ്രസന്നൻ, നിയോജകമണ്ഡലം പ്രസിഡൻ്റ് അജിത് ആയിക്കാട്, പ്രസന്നൻ പള്ളിപ്പുറം, സവിതാ നിശീകാന്ത്, മനു ബി പിള്ള, സാം ജേക്കബ്, ടി.പി.അഖില, വി.എൻ.ഹരിദാസ്, കെ.ശ്രീകുമാർ, ചെല്ലമ്മ രാഘവൻ, കെ.പത്മകുമാർ, സി.കെ.സുഭാഷ് ബാബു, എം.ജി.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.










